ഓര്‍മ്മകളുടെ ഉരുക്കുനൌകകളെ
പ്രസവിക്കുന്ന
നഷ്ടഗോത്രങളുടെ
ഏകാന്തതയാണു നീ
ധര്‍മ്മസങ്കടങളുടെ
മനുഷ്യജാഥകള്‍ കടന്നുപോകുന്ന
കടലിടുക്ക്
നിന്‍റെ ജലശയ്യകള്‍ക്ക് മേല്‍
വിയര്‍പ്പ് മഞ്ചലുകളില്‍
സ്വപ്നങളും
സങ്കടങളും
കുത്തിനിറച്ച മന്ത്രവാഹിനികള്‍
തീയണയാത്ത ചക്രവാളം നോക്കി
സ്വന്തം നെന്‍ചില്‍
നങ്കൂരമിട്ടിരിക്കുന്ന
കപ്പലോട്ടക്കാര്‍ക്ക് മുന്നിലെ
ഉപ്പുതോട്- അബ്ര
ജലപാതാളത്തിന്‍റെ
ഈ നിലവറയിലേക്കാണ്
ദൂരസഥരായ
നിര്‍ഭാഗ്യജന്‍മങളെത്രയോ
ഊളിയിട്ടൊടുങിയത് 1
ബാക്കിയായതോ
നിന്‍റെ
മരു ഉടയാടക്കരികെ
ഉപേക്ഷിക്കപ്പെട്ട
ഭൂമിയളന്ന് കീറിപ്പോയ
പാദരക്ഷകളും
കണ്ണുനീരക്ഷരങളില്‍
കിനാവുകളൊടുങിപ്പോയ
വിലാസമില്ലാ കത്തുകളും
പ്രതീക്ഷകളുടെ
പാലമില്ലാ കടല്‍പ്പാത നീ
സഞ്ചാരികളുടെ
ലവണജാലകം- അബ്ര
നിന്‍റെ ഗര്‍ഭത്തിലൊടുങിപ്പോയ
ആത്മാക്കള്‍
കടല്‍പ്പിറവുകളായി
ഗതികിട്ടാതെ ചിറകടിച്ചുതീര്‍ക്കുന്ന
ദൂരമാണ്നീ,
മരുഭൂവിന്‍റെ രക്തപാത
ഉഷ്ണക്കയങളുടെ
ജലപ്പരപ്പ്- അബ്ര
-------------------------------------------------------------------------
*അബ്ര : .അറബിയില്‍ കടത്ത് എന്നാണ്‍ അര്‍ത്ഥമെങ്കിലും ദേര- ബര്‍ദുബായ് കരകളെ ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് പൊതുവെ അബ്ര എന്നാണറിയപ്പെടുന്നത്
1.അബ്രയില്‍ചാടി ആത്മഹത്യചെയ്ത അപ്പകുഞിയുടെ ഓര്‍മ്മ.
ഭാഷാപോഷിണിയില്‍ 2005 ല്‍ അച്ചടിച്ചു വന്നതാണെങ്കിലും ബ്ലൊഗ് വായനക്കാര്‍ക്കായി വീണ്‍ടും
Tuesday, November 18, 2008
Subscribe to:
Post Comments (Atom)
2 comments:
രണ്ട് മൂന്ന് വര്‍ഷം മുമ്പ് നെഞ്ചില്‍ കനലുമായി നടന്നിരുന്ന ഒരു കാലത്താണ് അബ്ര കാണുന്നതും ഭാഷാപോഷിണിയില്‍ താങ്കളുടെ കവിത വായിക്കുന്നതും ... താങ്കളുടെ കവിതയില്‍ നിന്ന് എനിക്ക് പ്രിയപ്പെട്ട ചില വരികള്‍ ഇവിടെ http://oritam.blogspot.com/2006_11_01_archive.html ഉപയോഗിച്ചിരുന്നു.
ബ്ലോഗില്‍ കാണാനായതില്‍ സന്തോഷം. ഒരിക്കല്‍ കൂടി നന്ദി, ലവണരസമുള്ള ആ വാക്കുകള്‍ക്ക്...
സത്യത്തില്‍ താങ്കളുടെ ബ്ലൊഗില്‍ ഈ കവിതയെക്കുറിച്ചു വന്നതായി എന്‍റെ ഒരു ചങാതി പറഞിരുന്നു.അതുകൊണ്ട് താങ്കളാണ്‍ അബ്ര വീണടും
അവതരിപ്പിക്കാന്‍ നിമിത്തമായത് എന്ന് പറയട്ടെ.
Post a Comment