Wednesday, October 29, 2008

ജാമ്യം (പി.ഉദയഭാനുവിന്)

കോഴിക്കോടന്‍ കടല്‍ക്കാറ്റിന്‍റെ ഉപ്പുരസം
പേറുന്ന ആകാശവാണീ
ഇന്ന് കടലെടുത്തു

കണ്ടാണശ്ശേരിയിലെ
തൊപ്പിക്കല്‍ ചൂടിയ
കൂനന്‍ കുന്നിന്‍ മുകളിലെ
ജ്ഞാന വ്രദ്ധനെ1 കാണിച്ചുതരുവാന്‍
ഇനി നീ തുണ വരില്ല

മരുന്നുകളും
കവിതകളും
നിശ്ശബ്ദതയും കൊണ്ട്
നീ പണിതുയര്‍ത്തിയ
അവസാനഭവനവും
നിശബ്ദമായി

തിരമാലകള്‍ കൊണ്ട് വരുന്ന
അജ്ഞാതന്‍റെ ഒറ്റചെരുപ്പുപോലെ
നിന്‍റെ സഹാറക്ക്2 മേല്‍
എന്‍റെ കലിഗുല 3ക്കണ്ണുകള്‍
ഞാന്‍ പറീച്ചുവെക്കട്ടെ

കോടതിമുറിയില്‍
ജാമ്യെമെടുക്കാന്‍
ഇനി നിനക്ക് ശബളശീട്ടുമായി
കാത്ത് നില്‍ക്കേണ്ടീവരില്ല
നിന്‍റെ വേര്‍പാടോടെ
ഞാന്‍ ജാമ്യമില്ലാത്തവനായി

കടലെടുത്ത നമ്മുടെ സ്വപ്നങളുടെ
ശേഷിക്കുന്ന ഒരു ഉപ്പുസ്പര്‍ശമെങ്കിലും
നിന്നെ തണുപ്പിക്കുമെങ്കില്‍
അതെനിക്ക് എന്‍റെതന്നെ ജാമ്യമാവുമെങ്കില്‍
പ്രിയ സഖാവെ


----------------------------------------------------------------------------------------

1.കോവിലന്‍
2.ഉദയഭാനുവിന്‍റെ ആദ്യപുസ്തകം
3.സഹാറ എന്ന ആദ്യപുസ്തകത്തിന്‍റെ കവര്‍ചിത്രം
കലിഗുല എന്ന ഞാനഭിനയിച്ച കഥാപാത്രത്തിന്‍റെ
കണ്ണുകളുടെ ചിത്രമായിരുന്നു.

Tuesday, October 28, 2008

ശീര്‍ഷക ഗാനം

മുച്ചിറിയുടെ ചിരിയില്‍
ഇറുക്കിയടച്ച കോങ്കണ്ണിന്‍ കാഴ്ചയില്‍
വായില്ലാകുന്നിലപ്പന്‍ടെ
ആമാശയത്തില്‍
തലയോട്ടിബാക്കിയായ തലച്ചോറീല്‍
നിത്യനരകത്തീയുമായി
തെയ്യംകെട്ടുന്നവനാരോ
അവന്‍താന്‍ ഞാന്‍