Saturday, December 13, 2008

ROLLAറോളാ

വിയര്‍പ്പ് മരങള്‍ ഉന്‍മാദിക്കും
നഗരനഗ്നത
വെള്ളിയാഴ്ചകള്‍ക്കൊരു
സങ്കടസങ്കേതം
കിടക്കാനിടമില്ലാത്തവന്‍റെ നില്‍ക്കപ്പായ

കടല്‍കൊള്ളക്കാര്‍ തകര്‍ത്തുകളഞ്ഞ
ചരക്കുകപ്പലിന്‍റെ അടിപ്പലകപോലെ
മുങിത്താഴുന്നവന്‍റെ
നില്‍ക്കക്കള്ളി

റോളാ

ബാങ്കുകളെ നംബാത്ത പച്ചകളുടെ1
ദിര്‍ഹം കുത്തിനിറച്ച
മുഷിഞ്ഞുലഞ്ഞ കീശപോല്‍ നിന്നുടല്‍.
ലാസ്യവുംലഹരിയുമില്ലാത്ത
വ്രദ്ധവേശ്യാക്കുടിപോലെ
ഒരാളും അന്തിയുറങാത്ത
നഗരചത്വരം നീ.

മരിച്ചുപോയ സുധീറിന്‍റെ 2 കാമുകിക്ക് നല്‍കാന്‍
മരിക്കുംമുന്‍പെ അവന്‍ ഏല്‍പ്പിച്ച കത്ത്
കളഞ്ഞു പോയത് ഇവിടെ

വിയര്‍പ്പുവാട നിറച്ചോടുന്ന പഠാണിയുടെ
കള്ളടാക്സിയില്‍ കയറിപ്പറ്റാന്‍
കാല്‍കടഞ്ഞു നിന്നതും ഇവിടെ

വിശപ്പിന്‍റെയും
വിരഹത്തിന്‍റേയും
വാസ്തുഹാര നീ റോളാ

ആണുങള്‍ മാത്രം
കരക്കടിഞ്ഞ വെയില്‍തീരം

പുറംകാഴ്ചകളിലേക്ക് തുറക്കുന്ന
ഉഷ്ണജാലകം

ഒരുവന്‍ അപരന്ന്
വന്‍കരയാകുന്ന സന്നിധാനം

ആഹ്ലാദങള്‍,കിട്ടാക്കടങള്‍,
വീട്ടുവിശേഷങള്‍
മൂട്ടകള്‍,വാണിഭങള്‍
കൈമാറ്റങള്‍ കുത്തിനിറച്ച
പാതാളപ്പെട്ടി 3 നീ റോളാ


വിയര്‍പ്പ് ആറുവാന്‍
ഇല്ലായ്മയുടെ അയയില്‍ ഞാത്തിയിട്ടപോല്‍
തെലുഗനും തമിഴനും മലയാളിയും ശ്രീലങ്കനും
പന്‍ചാബിയും ബംഗാളിയും പാക്കിസ്ഥാനിയും
ബലൂചിയും ഒമാനിയും ഈജിപ്ഷ്യനും..

കടല്‍ കടന്നുപൊകേണ്ട കറന്‍സിക്കടയുടെ ചുവരുകളില്‍
ചുകപ്പിന്‍ ഭൂപടങള്‍ തീര്‍ക്കുന്ന കാര്‍ക്കിച്ചുതുപ്പലുകള്‍.

സങ്കടസാഗരം
ഈ മനുഷ്യസഞ്ജയം
റോളാ

ജന്‍മനാട് വിട്ടുപോന്നവന്‍റെ
വെള്ളിയാഴ്ചകളിലേക്കുള്ള
അവസാനത്തെ ആശുപത്രി നീ

കിടക്കാനിടമില്ലാത്തവന്‍റെ നില്‍ക്കപ്പായ
പുല്ലിംഗങള്‍ മത്രം മുളക്കുന്ന ആഴ്ചവട്ടം



പേരില്‍മാത്രം സ്ത്രൈണ കാല്‍പ്പനികത പേറുന്ന
മണല്‍നഗരത്തിലെ സുന്ദരീ
വെള്ളിയാഴ്ചകളില്ലാത്ത
ഒരു കാലം
നിനക്ക് വൈധവ്യം


കടല്‍കാര്‍ന്ന് തീര്‍ക്കുമീ നഗരമധ്യെ
മലര്‍ന്നേ കിടക്കുക
ഉപ്പുകാറ്റില്‍
വന്നെത്തുന്ന പരദേശ പൌരുഷങളുടെ
അവസാനമില്ലാത്ത
വെള്ളിയാഴ്ചകള്‍ക്ക്

ഏകാന്തതയുടെ ഒറ്റയാള്‍ കപ്പലോട്ടങള്‍ക്ക്

--------------------------------------------------------
റോളാ = ഷാര്‍ജയിലെ നഗരചത്വരം
1.പാക്കിസ്ഥാനികളെ പൊതുവെ ഗള്‍ഫില്‍ വിളിക്കുന്നത്
2.അകാലത്തില്‍ പൊലിഞുപോയ എന്‍റെ പ്രിയ ചങാതി.
3.ട്രങ്ക് പെട്ടി

4 comments:

ClicksandWrites said...

അസ്സലായിരിക്കുന്നു. IBN ഇല്‍ ലിങ്ക് ഇട്ടതു കൊണ്ടു എന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും എപ്പോള്‍ സൈറ്റ് അപ്ഡേറ്റ് ചെയ്താലും എനിക്ക് അറിയാനും വായിക്കാനും പറ്റുന്നുണ്ട്. വീണ്ടും തുടര്‍ന്ന് എഴുതട്ടെ. മനസ്സു മൂടി വക്കാനുള്ളതല്ല.

ashraf said...

good...
expecting more...

IVY said...

അല്ലയോ തോണിക്കാരാ!
എനിക്കു പിറക്കാതെ മകനെപ്പോലെ,
ഞാന്‍ എഴുതാതെ പോയ കവിതയാണ്
‘റോള’.
അനുഭവമായി മാറുന്ന ഒരു കവിത
വായിച്ചിട്ട് ഒരുപാടു നാളായിരിക്കുന്നു..
അഭിനന്ദനങ്ങള്‍..!

C.P Mathew said...

ആയിരങ്ങളെ അറവുമാടുകളെപോലെ ദിവസക്കൂലിയ്ക്ക്‌ വാങ്ങാൻ കിട്ടുന്ന റോള... ലേബർ സപ്ലെ എന്ന ഓമനപ്പേരിൽ ആയിരങ്ങളൂടെ ഭാവി കുട്ടിച്ചോറാക്കിയ റോള. ഇനിയുമുണ്ട്‌ ഒത്തിരി വിട്ടുപോയ ഖണ്ഡികകൾ..