Tuesday, November 18, 2008

അബ്ര - from the series of Arabian sketches

ഓര്‍മ്മകളുടെ ഉരുക്കുനൌകകളെ
പ്രസവിക്കുന്ന
നഷ്ടഗോത്രങളുടെ
ഏകാന്തതയാണു നീ

ധര്‍മ്മസങ്കടങളുടെ
മനുഷ്യജാഥകള്‍ കടന്നുപോകുന്ന
കടലിടുക്ക്

നിന്‍റെ ജലശയ്യകള്‍ക്ക് മേല്‍
വിയര്‍പ്പ് മഞ്ചലുകളില്‍

സ്വപ്നങളും
സങ്കടങളും
കുത്തിനിറച്ച മന്ത്രവാഹിനികള്‍



തീയണയാത്ത ചക്രവാളം നോക്കി
സ്വന്തം നെന്‍ചില്‍
നങ്കൂരമിട്ടിരിക്കുന്ന
കപ്പലോട്ടക്കാര്‍ക്ക് മുന്നിലെ
ഉപ്പുതോട്- അബ്ര

ജലപാതാളത്തിന്‍റെ
ഈ നിലവറയിലേക്കാണ്
ദൂരസഥരായ
നിര്‍ഭാഗ്യജന്‍മങളെത്രയോ
ഊളിയിട്ടൊടുങിയത് 1

ബാക്കിയായതോ
നിന്‍റെ
മരു ഉടയാടക്കരികെ
ഉപേക്ഷിക്കപ്പെട്ട
ഭൂമിയളന്ന് കീറിപ്പോയ
പാദരക്ഷകളും
കണ്ണുനീരക്ഷരങളില്‍
കിനാവുകളൊടുങിപ്പോയ
വിലാസമില്ലാ കത്തുകളും


പ്രതീക്ഷകളുടെ
പാലമില്ലാ കടല്‍പ്പാത നീ
സഞ്ചാരികളുടെ
ലവണജാലകം- അബ്ര

നിന്‍റെ ഗര്‍ഭത്തിലൊടുങിപ്പോയ
ആത്മാക്കള്‍
കടല്‍പ്പിറവുകളായി
ഗതികിട്ടാതെ ചിറകടിച്ചുതീര്‍ക്കുന്ന
ദൂരമാണ്നീ,

മരുഭൂവിന്‍റെ രക്തപാത
ഉഷ്ണക്കയങളുടെ
ജലപ്പരപ്പ്- അബ്ര
-------------------------------------------------------------------------
*അബ്ര : .അറബിയില്‍ കടത്ത് എന്നാണ്‍ അര്‍ത്ഥമെങ്കിലും ദേര- ബര്‍ദുബായ് കരകളെ ബന്ധിപ്പിക്കുന്ന ഈ കടലിടുക്ക് പൊതുവെ അബ്ര എന്നാണറിയപ്പെടുന്നത്
1.അബ്രയില്‍ചാടി ആത്മഹത്യചെയ്ത അപ്പകുഞിയുടെ ഓര്‍മ്മ.


ഭാഷാപോഷിണിയില്‍ 2005 ല്‍ അച്ചടിച്ചു വന്നതാണെങ്കിലും ബ്ലൊഗ് വായനക്കാര്‍ക്കായി വീണ്‍ടും

2 comments:

mumsy-മുംസി said...

രണ്ട് മൂന്ന് വര്‍ഷം മുമ്പ് നെഞ്ചില്‍ കനലുമായി നടന്നിരുന്ന ഒരു കാലത്താണ്‌ അബ്ര കാണുന്നതും ഭാഷാപോഷിണിയില്‍ താങ്കളുടെ കവിത വായിക്കുന്നതും ... താങ്കളുടെ കവിതയില്‍ നിന്ന് എനിക്ക് പ്രിയപ്പെട്ട ചില വരികള്‍ ഇവിടെ http://oritam.blogspot.com/2006_11_01_archive.html ഉപയോഗിച്ചിരുന്നു.
ബ്ലോഗില്‍ കാണാനായതില്‍ സന്തോഷം. ഒരിക്കല്‍ കൂടി നന്ദി, ലവണരസമുള്ള ആ വാക്കുകള്‍ക്ക്...

Joy Mathew said...

സത്യത്തില്‍ താങ്കളുടെ ബ്ലൊഗില്‍ ഈ കവിതയെക്കുറിച്ചു വന്നതായി എന്‍റെ ഒരു ചങാതി പറഞിരുന്നു.അതുകൊണ്ട് താങ്കളാണ്‍ അബ്ര വീണടും
അവതരിപ്പിക്കാന്‍ നിമിത്തമായത് എന്ന് പറയട്ടെ.